രാജ്യത്തിന്റെ സമ്പത്ത് കൂടുതലായി നഷ്ടപ്പെടുന്നത് എണ്ണ പ്രകൃതി വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിലൂടെയാണ്. പ്രതിവർഷം 100 ബില്യൺ ഡോളറിൽ കൂടുതൽ വിലമതിക്കുന്ന പെട്രോളിയവും പ്രകൃതിവാതകവുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ പെട്രോളിയം ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും ഇലക്ട്രിസിറ്റി ഇന്ധനമാക്കി ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറുവാൻ ജനത്തെ പ്രേരിപ്പിക്കുകയാണ് സർക്കാരുകളിപ്പോൾ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനും രാജ്യത്തിന്റെ സമ്പത്ത് ചോരുന്നത് വലിയൊരു അളവ് കുറയ്ക്കുവാനും ഇതിലൂടെയാവും.
പെട്രോളിയം പോലെ തന്നെ പാചക വാതകത്തിലും സ്വാശ്രയത്വം കണ്ടെത്താനുള്ള നീക്കങ്ങളിലാണ് മോദി സർക്കാർ ഇപ്പോൾ. അതിനായി വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന് പ്രോത്സാഹനം നൽകാനാണ് ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യ വൈദ്യുതി മിച്ച രാഷ്ട്രമായി മാറിയതോടെയാണ് ഈ രീതിയിൽ ചിന്തിക്കുവാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. 2019ലാണ് ഇന്ത്യ വൈദ്യുതി മിച്ച രാഷ്ട്രമായി മാറിയത്. കൽക്കരി, സൗരോർജ്ജം എന്നിവയിലൂടെ വൈദ്യുതി ഉൽപാദനത്തിൽ ശേഷി വർദ്ധിച്ചതിന്റെ ഫലമായിട്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ശ്രമങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണിപ്പോൾ. ഇന്ത്യയുടെ ഭാവി വൈദ്യുതിയിലാണെന്നത് അതിനാൽ തന്നെ വളരെ വ്യക്തവുമാണ്.
പാചകം ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈദ്യുതി ഉപയോഗിച്ച് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് കഴിഞ്ഞ സെപ്തംബറിൽ വൈദ്യുത ഊർജ്ജ വകുപ്പ് മന്ത്രി മന്ത്രി ആർ കെ സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സ്വയം ആശ്രയിക്കാനും ഇറക്കുമതിയിൽ നിന്ന് സ്വാതന്ത്ര്യം നൽകാനും അനുവദിക്കുമെന്നും അതിലൂടെ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്ക് കുറഞ്ഞ ചിലവിൽ പാചകം ചെയ്യാനാവുമെന്ന ആശയവും അദ്ദേഹം പങ്കുവച്ചിരുന്നു.
അതേസമയം പാചക വാതകത്തിന്റെ ഉപയോഗം രാജ്യത്ത് വർദ്ധിച്ചിരിക്കുകയാണ്. 2020 ൽ എൽപിജിയുടെ മൊത്തം ഉപഭോഗം പെട്രോൾ ഉപഭോഗത്തെ മറികടന്നു. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച് 2020 ൽ 27.41 ദശലക്ഷം ടൺ എൽ പി ജിയാണ് ഇന്ത്യയിൽ ഉപയോഗിച്ചത്, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 4.3 ശതമാനം കൂടുതലാണ്. രാജ്യത്തെ പെട്രോൾ ഉപഭോഗം 23.27 ദശലക്ഷം ടണ്ണാണ്, ഇത് 2019 നെ അപേക്ഷിച്ച് 9.3 ശതമാനം കുറവാണ്. കൊവിഡ് ഉൾപ്പടെയുള്ള കാരണങ്ങളാലും, രാജ്യത്ത് മാസങ്ങളോളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമാണ് ഇതിനു കാരണമായി തീർന്നത്.
ഇന്ത്യയുടെ ഇറക്കുമതിയുടെ നാലിൽ ഒരു ഭാഗവും ഇന്ധന ഇറക്കുമതിയ്ക്കായിട്ടാണ് ചിലവാക്കുന്നത്. പാചകത്തിലും വാഹനങ്ങളിലും വൈദ്യുതി ഉപയോഗിക്കുന്നതിൽ ഇന്ത്യയ്ക്ക് വിജയിക്കാനായാൽ അത് സമ്പദ് വ്യവസ്ഥയ്ക്ക് വൻ നേട്ടമായി തീരും.
The Modi government is moving to find self-sufficiency in cooking gas as well as petroleum