ലോക്ക്ഡൗണ്‍ ഇളവ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം പുനരാരംഭിച്ചു. രണ്ടാം ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മുതല്‍ നിറുത്തി വച്ചിരുന്ന ദര്‍ശന സൗകര്യമാണ് ഇന്ന് പുനരാരംഭിച്ചത്.  വിവാഹം നടത്താനും അനുമതിയുണ്ട്. ആറ് വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. 

പുലര്‍ച്ചെ അഞ്ച് മുതലാണ് ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയത്. പ്രതിദിനം 600 പേര്‍ക്കാണ് ദര്‍ശനാനുമതിയുള്ളത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന 300 പേര്‍ക്കും ദേവസ്വം ജീവനക്കാര്‍, പാരമ്പര്യ പ്രവൃത്തിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ 150 പേര്‍ക്കും പ്രദേശവാസികളായ 150 പേര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. കൂടാതെ ശ്രീലകത്ത് നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്കും ദര്‍ശനത്തിന് അനുമതിയിണ്ട്. 

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് കിഴക്കേനടയില്‍ ദീപസ്തഭംത്തിന് മുന്നില്‍ നിന്ന് ദര്‍ശനം നടത്താനാകും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഭക്തരില്ലാത്തതിനാല്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി ക്ഷേത്രനട നേരത്തെ അടക്കാറായിരുന്നു പതിവ്.  പുലര്‍ച്ചെ രണ്ടിന് നിര്‍മാല്യ ദര്‍ശനത്തിന് തുറക്കുന്ന ക്ഷേത്രനട ഭക്തരില്ലാത്തിനാല്‍ ഉച്ച പൂജ നേരത്തെ പൂര്‍ത്തിയാക്കി ഒമ്പതരയോടെയാണ് അടച്ചിരുന്നത്. 

ഭക്തരെ പ്രവേശിപ്പിച്ചിച്ച് തുടങ്ങിയതിനാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സാധാരണ പോലെ ഉച്ചപൂജ കഴിഞ്ഞ് 12.30ഓടെയാണ് നടയടക്കുക. ഉച്ചതിരിഞ്ഞ് 4.30ന് തുറന്നാല്‍ രാത്രി ഒമ്പതരയോടെ അടച്ചിരുന്നത് നിയന്ത്രണങ്ങളുടെ ഭാഗമായി ഏഴരയോടെയാക്കി. പിന്നീട് ഭക്തരെ പ്രവേശിപ്പിക്കില്ല. 

കൊടിമരം വരെയാണ് ഭക്തര്‍ക്ക് പ്രവേശാനുമതിയുള്ളത്. നാലമ്പലത്തിലേക്ക് പ്രവേശനം ഇല്ല. ഒരേ സമയം 15ല്‍ അധികം പേരെയും പ്രവേശിപ്പിക്കുന്നില്ല. 80 വിവാങ്ങള്‍ക്കാണ് ഒരു ദിവസം അനുമതിയുള്ളത്. വിവാഹ സംഘത്തിലെ 10 പേര്‍ക്ക് മാത്രമാണ് മണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിക്കുന്നത്. വഴിപാട് കൗറുകളും തുറന്ന് പ്രവര്‍ത്തിച്ചു. പ്രസാദ വിതരണവും ഉണ്ടായിരുന്നു. എന്നാല്‍ ഒന്നാം ലോക്ക്ഡൗണില്‍ നിറുത്തി വച്ചിരുന്ന ചോറൂണ്‍ വഴിപാട് പുനരാരംഭിച്ചിട്ടില്ല. കൊവിഡ് മാനദണ്‍ങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഭക്തരെ കടത്തി വിടുന്നത്. ഭക്തര്‍ വരി നില്‍ക്കുന്ന സ്ഥലവും വിവാഹമണ്ഡപങ്ങളുമെല്ലാം മണിക്കൂറിടിവിട്ട് അണുനശീകരണം നടത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *