അതിഥികളെ അല്‍ഭുത ലോകത്തെത്തിക്കാന്‍ ചെങ്കടലില്‍ ഒരു ആഢംബര റിസോര്‍ട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സൗദി കിരീടാവകാശിയും ചെങ്കടകല്‍ വികസന പദ്ധതിയുടെ അധ്യക്ഷനുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ റെഡ് സീ പ്രൊജക്ടിന്റെ ഭാഗമായാണ് ‘കോറല്‍ ബ്ലൂം’ പദ്ധതി ഒരുങ്ങുന്നത്. ആഢംബരത്തിന്റെ പുതിയ കാഴ്ചകളും അനുഭവങ്ങളുമൊരുക്കുന്ന ‘കോറല്‍ ബ്ലൂം’ പദ്ധതിയുടെ വിസ്മയകരമായ ഡിസൈനുകള്‍ കിരീടാവകാശി പുറത്തിറക്കി.
ലോകപ്രശസ്ത്ര ബ്രിട്ടീഷ് ആര്‍ക്കിട്ക്ചറല്‍ ഡിസൈന്‍ കമ്പനിയായ ഫോസ്റ്റര്‍ + പാര്‍ട്‌ണേഴ്‌സാണ് കോറല്‍ ബ്ലൂം രൂപകല്‍പ്പനചെയ്തിരിക്കുന്നത്. ദ്വീപിന്റെ സ്വാഭാവികമായ പ്രകൃതി ഭംഗിയുമായി വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള ഡിസൈനാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ചെങ്കടല്‍ തീരത്തിനോട് ചേര്‍ന്നു കിടക്കുന്ന നിലകൊള്ളുന്ന 90 ദ്വീപുകളിലൊന്നായ ഡോള്‍ഫിന്‍ ആകൃതിയിലുള്ള ഷുറൈറ ദ്വീപിലാണ് കോറല്‍ ബ്ലൂം പദ്ധതി ഒരുങ്ങുന്നത്. ഇതോടെ റെഡ് സീ പദ്ധതിയുടെ കേന്ദ്രമായി ഷുറൈറ ദ്വീപ് മാറും.
ലോകത്തിലെ ഏറ്റവും മികച്ച 11 ബ്രാന്റ് ഹോട്ടലുകള്‍ക്കു പുറമെ, മണല്‍ക്കുന്നുകള്‍, ക്ലബ്ബുകള്‍, താമസ സ്ഥലങ്ങള്‍, നടപ്പാതകള്‍, ഗോള്‍ഫ് കോര്‍ട്ട്, കോറല്‍ പവലിയന്‍, താമസിക്കാനുള്ള റീഫ് വില്ലകള്‍, ക്ലബ്ബുകള്‍, ആഢംബര വില്ലേജുകള്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളും വിനോദോപാധികളും ഇവിടെയുണ്ടാകും. അതേസമയം, വലിയ ഉയരം കൂടിയ കെട്ടിടങ്ങള്‍ ഒഴിവാക്കിയുള്ള ഡിസൈനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം പ്രകൃതിക്കിണങ്ങുന്ന സാധനങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മണമായിരിക്കും ഇവിടെ നടക്കുക. കൊവിഡ് സാഹചര്യത്തില്‍ അതിനനുസരിച്ച മാറ്റങ്ങളും കെട്ടിടങ്ങളുടെ രൂപകല്‍പ്പനയില്‍ വരുത്തിയിട്ടുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് റെഡ് സീ ടൂറിസം പ്രൊജക്ട്. പ്രധാനമായും എണ്ണ വ്യാപാരത്തെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇതില്‍ നിന്ന് മോചിപ്പിക്കാനും സാമ്പത്തിക രംഗത്ത് വൈവിധ്യ വല്‍ക്കരണം നടപ്പിലാക്കാനും ലക്ഷ്യംവെക്കുന്ന വിഷന്‍ 2030ന്റെ ഭാഗമാണ് പദ്ധതി. 2030 ആകുമ്പോഴ്ക്ക് ജിഡിപിയുടെ 10 ശതമാനം വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ലഭ്യമാക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.
A luxury resort on the Red Sea; The beginning of the Saudi Coral Bloom project