ലോകത്തെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും; വീണ്ടും അന്താരാഷ്ട്ര അംഗീകാരം

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ അംഗീകാരമാണ് മന്ത്രിക്ക് ലഭിച്ചത്. 2020 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലാണ് മന്ത്രി കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആംഗലെ മെര്‍ക്കല്‍, കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, സ്റ്റേസി അംബ്രോസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പ്രതിസന്ധികളെ തരണം ചെയ്ത, വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരില്‍ നിന്നാണ് 12 പേരെ തെരഞ്ഞെടുത്തത്.

നേരത്തെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിസില്‍ ഇടം നല്‍കി മന്ത്രി കെ കെ. ശൈലജയെ ആദരിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചായിരുന്നു വോഗ് മാസിനിലെ ഫീച്ചര്‍. നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ അടയാളപ്പെടുത്തിയിരുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളെ ആദരിക്കാനായി ഐക്യരാഷ്ട്രസഭ നടത്തുന്ന വെബിനാറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തിരുന്നു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ തുടങ്ങിയ ആളുകള്‍ക്കൊപ്പമാണ് ആരോഗ്യമന്ത്രി പങ്കെടുത്തത്.

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്പെക്ട് മാഗസിനും കെ.കെ. ശൈലജയെ ആദരിച്ചിരുന്നു. ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അമ്പത് വ്യക്തികളുടെ പട്ടികയില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഒന്നാമതെത്തിയിരുന്നു. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പട്ടികയില്‍ രണ്ടാമതായിരുന്നു. ‘കൊവിഡ് 19 യുഗ’ത്തിനായുള്ള പട്ടികയാണ് ഇതെന്ന് പ്രോസ്പെക്ട് മാഗസിന്‍ കുറിച്ചിരുന്നു. വളരെ വിശദമായാണ് മാസിക മന്ത്രിയെപ്പറ്റി കുറിച്ചിരുന്നത്. നിപ്പക്കെതിരെ നടത്തിയതും ഇപ്പോള്‍ കൊവിഡിനെതിരെ നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നു.

Among the 12 most powerful women in the world, Minister K.K.Shalaja

Leave a Reply

Your email address will not be published. Required fields are marked *