സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തിരക്കഥയിൽ സമൂലമാറ്റം ഉണ്ടാവുമെന്ന് റിപ്പോർട്ട്. നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ നിർദ്ദേശിച്ചു എന്നാണ് റിപ്പോർട്ട്. തിരക്കഥ തിരുത്താനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ഹിന്ദി അടക്കം പല ഭാഷകളിലേക്കും സിനിമയുടെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു. ഇതിൽ തെലുങ്ക് റീമേക്കിൻ്റെ തിരക്കഥയാണ് തിരുത്താനൊരുങ്ങുന്നത്. ക്ലൈമാക്സ് അടക്കം നിർണായകമായ പല രംഗങ്ങളും മാറ്റിയെഴുതുമെന്നാണ് സൂചന. രണ്ട് നായക കഥാപാത്രങ്ങൾ എന്ന സിനിമയുടെ പ്ലോട്ട് തിരുത്തി പ്രതിനായകൻ, നായകൻ എന്ന നിലയിലേക്ക് തിരക്കഥ മാറ്റിയെഴുതണമെന്നാണ് പവൻ കല്യാണിൻ്റെ നിർദ്ദേശം.
സാഗർ ചന്ദ്രയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിത്താര എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ നാഗ വസ്മിയാണ് നിർമ്മാണം. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്.
Ayyappan and Koshy Telugu remake: Pawan Kalyan wants radical change in script