കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

കോവിഡ് കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസം പകരുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. മൊറോട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും, പലിശയുടെ പലിശയും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം നടപ്പില്‍ വരുത്തുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ആര്‍ബിഐയോട് കേന്ദ്രം നിര്‍ദ്ദേശിച്ചു. മൊറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ആര്‍ബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എന്‍പിഎ ആക്കരുതെന്നും യോഗ്യമായ അക്കൗണ്ടുകള്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നല്‍കണമെന്നും ധനമന്ത്രാലയം ആര്‍ബിഐയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം സുപ്രിംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കാന്‍ തക്ക നിര്‍ദേശം തയാറാക്കാനാണ് ആവശ്യപ്പെട്ടത്.

രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മൊറട്ടോറിയം ആറ് മാസം നല്‍കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാര്‍ച്ചിലായിരുന്നു ആദ്യ ഘട്ട മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ജൂണില്‍ ഇത് ഓഗസ്റ്റ് മാസം വരെ നീട്ടുകയായിരുന്നു.

Central govt offers relief to defaulters during Covid period

Leave a Reply

Your email address will not be published. Required fields are marked *