കോവിഡിന്റെ രണ്ടാം തരംഗം : വ്യാപനം കൂടിയ സ്ഥലങ്ങളിൽ മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്തും ; എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി രാജ്യത്ത് വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കോവിഡിന്റെ രണ്ടാം വരവിനെ നേരിടാൻ രാജ്യം സജ്ജമാണെന്നും കഴിഞ്ഞ തവണ കോവിഡിനെ നേരിടാൻ യാതൊരു സംവിധാനവും രാജ്യത്ത് ഇല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ നിലയിൽ നിന്നും ഒരുപാട് മുന്നോട്ട് പോയെന്നും മോദി ചൂണ്ടിക്കാട്ടി. ലോക്ഡൗൺ പ്രശ്‌നപരിഹാരത്തിനുള്ള അവസാനത്തെ തീരുമാനമാണ്. അതിലേക്ക് പോകാതെ നോക്കണം. അതിനായി കോവിഡ് വ്യാപനം കൂടിയ സ്ഥലങ്ങളിൽ മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകൾ

കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. ആരോഗ്യപ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കോവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എന്നതിൽ സംശയമില്ല. എങ്കിലും ഇതും നമ്മൾ മറികടക്കും. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണ്.

കഴിഞ്ഞ വർഷം കോവിഡ് കേസുകൾ ആരംഭിച്ചപ്പോൾ തന്നെ രാജ്യത്തെ വാക്‌സീനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു, പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞർ രാജ്യത്തിനായി വാക്‌സീൻ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്‌സീൻ ലഭ്യമാകുന്നത്. രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സീനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്‌സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.

രാജ്യത്ത് നിർമ്മിക്കുന്ന വാക്‌സfനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവർത്തനം ജീവൻ രക്ഷിക്കാനായാണ്. കോവിഡ് ആരംഭിക്കുമ്പോൾ കുറേ അധികം പരിമിതികളുണ്ടായിരുന്നു. ആരോഗ്യസംവിധാനങ്ങൾ കോവിഡിനെ നേരിടാൻ പര്യാപ്ത്മായിരുന്നില്ല. പിപിഇ കിറ്റ് നിർമ്മാണത്തിന് സംവിധാനമുണ്ടായിരുന്നില്ല. എങ്ങനെ ചികിത്സിക്കണമെന്ന് അറിയിലില്ലായിരിുന്നു. ഇപ്പോൾ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്.

നമ്മുടെ കോവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതിൽ മുതിർന്ന പൗരൻമാരെയും ഇതിനോടകം വാക്‌സീനേറ്റ് ചെയ്ത് കഴിഞ്ഞു.രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാൻ പോകുകയാണ്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്‌സിജൻ ക്ഷാമം നേരിടുന്നുണ്ട്. ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പരിശ്രമിക്കുന്നുണ്ട്.

തൊഴിലാളികൾ ഇപ്പോഴെവിടെയാണോ അവിടെ തന്നെ തുടരണം അവർക്ക് വാക്‌സീനേഷൻ അടക്കം എത്തിക്കാൻ സംസ്ഥാന സർക്കാരുകൾ പരിശ്രമിക്കണം. സാധ്യമായ എല്ലാ സഹായവും ആവശ്യക്കാർക്ക് നൽകാൻ എല്ലാവരും ശ്രദ്ധിക്കണം. ലോക്ക് ഡൌൺ അവസാന ഉപാധിയെന്ന നിലയിൽ മാത്രമേ ഉപയോഗിക്കാനാവൂ. മൈക്രോ കണ്ടെയൻമെന്റ് സോണുകൾ ഏർപ്പെടുത്തി കോവിഡ് വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

ഇന്ന് നവരാത്രിയുടെ അവസാന ദിനമാണ്, നാളെ രാമനവമിയാണ്, നമ്മളെല്ലാവരും മര്യാദാപുരുഷോത്തമനായ രാമനെ പോലെ മര്യാദ പാലിക്കണം. ഇതു പവിത്രമായ റംസാൻ കാലമാണ്. ധൈര്യവും ആത്മബലവും നൽകുന്ന മാസമാണ് റംസാൻ. കോവിഡിനെതിരായ പോരാട്ടത്തിൽ ഈ ആത്മബലവും കരുത്തും നമ്മുക്കുണ്ടാവണം.

ഒറ്റക്കെട്ടായി മഹാമാരിയെ രാജ്യം അതിജീവിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

Covid : The Prime Minister said that everyone should stand together with courage

Leave a Reply

Your email address will not be published. Required fields are marked *