സ്ത്രീധനം അങ്ങേയറ്റം ഗൗരവമുള്ള സാമൂഹ്യവിപത്ത്; പരാതികൾക്കായി പ്രത്യേക സംവിധാനം

സ്ത്രീധന പീഡനം കാരണം പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ​ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും കൂടി വരുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണെന്ന് മുഖ്യമന്ത്രി. സ്ത്രീധനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവര്‍ക്ക് aparajitha.pol@kerala.gov.inഎന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും മാനഹാനിയും മറ്റ് സംസ്ഥാനങ്ങളിൽ ധാരാളം കേൾക്കുന്നുണ്ട്. അത്തരത്തിൽ നമ്മുടെ നാട് മാറുക എന്നത് നമ്മുടെ സംസ്ഥാനം ആർജ്ജിച്ചിട്ടുള്ള സംസ്കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണ്. നാടിന് ചേരാത്ത ഒന്നാണത്. പഴുതടച്ച അന്വേഷണം നടക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും.

സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ടായി. എന്നിട്ടും പലരൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുന്നുമുണ്ട്. ഇത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹിക വിപത്തായി കണ്ട് സ്ത്രീധനത്തെയും ഗാർഹിക പീഡനത്തെയും കൈകാര്യം ചെയ്യണം. ഭർത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ വിട്ടുഴവീഴ്ചയില്ലാതെ നിലപാടെടുക്കാൻ കഴിയണം
 
പെൺകുട്ടികളും മാതാപിതാക്കളും  ശ്രദ്ധിക്കേണ്ട ചിലതുണ്ട്. സ്ത്രീധനം ചോദിച്ചതിന്റെ പേരിൽ ആ കല്യാണം തനിക്ക് വേണ്ട എന്ന് പറഞ്ഞ പെൺകുട്ടികളെ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. എന്ത് കൊടുത്തു, എത്ര കൊടുത്തു എന്നതാവാൻ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവർ സ്വന്തം മക്കളെ വിൽപ്പന ചരക്കായി മാറ്റുകയാണെന്ന് ഓർക്കണം. 

ഇതോടൊപ്പം ആണ്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹത്തെ വ്യാപാരകരാറായി തരം താഴ്ത്തരുത്. ഇത്തരം കാര്യങ്ങൾ വീടിനുള്ളിൽ ചർച്ച ചെയ്യുന്നത് അവിടെ വളരുന്ന മക്കളിൽ സ്വാധീനം ചെലുത്തുമെന്ന് ഓരോ ആളും മനസ്സിലാക്കേണ്ടതുണ്ട്.   

Leave a Reply

Your email address will not be published. Required fields are marked *