ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ വിന്റെ ഒഫിഷ്യൽ ട്രെയ്ലർ എത്തി. ചിത്രം ഈ മാസം 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
ദൃശ്യം 2ന്റെ ട്രെയ്ലർ ഉടൻ എത്തുമെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമം വഴി അറിയിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് ട്രെയ്ലർ റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും മോഹൻലാൽ പറഞ്ഞതിലും നേരെത്തെ പുറത്തുവരുകയായിരുന്നു. ആമസോൺ പ്രൈം അബദ്ധവശാൽ ട്രെയ്ലർ പുറത്തുവിടുകയായിരുന്നു എന്നാണ് വിവരം. സംവിധായകൻ ജീത്തു ജോസഫും ട്രെയിലർ പങ്കുവച്ചു.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യവും, ദൃശ്യം 2 ഉം നിർമിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ, ഗണേഷ് കുമാർ, അഞ്ജലി നായർ, ജോയ് മാത്യു, അനീഷ് ജി. നായർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
പുതുവർഷദിനത്തിലാണ് സിനിമയുടെ റീലീസ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തിയ്യേറ്റർ ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിയ്യേറ്റർ തുറക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
‘Drishyam 2’ Official Trailer Released