സംവിധായകൻ അൽഫോൺസ് പുത്രൻ സംഗീതം നൽകിയ ‘കഥകൾ ചൊല്ലിടാം’ എന്ന ആൽബം ശ്രദ്ധ നേടുന്നു. നടന്മാരായ കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരും മക്കളുമാണ് ആൽബത്തിന്റെ ഭാഗമാകുന്നത്.
ആകാശം, വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായാണ് അഞ്ച് അച്ഛന്മാരെയും മക്കളെയും തരംതിരിച്ചിരിക്കുന്നത്. ആകാശത്തിൽ കുഞ്ചാക്കൊ ബോബൻ, വായുവിൽ വിനീത് ശ്രീനിവാസൻ, വെളിച്ചത്തിൽ കൃഷ്ണ ശങ്കർ, വെള്ളത്തിൽ വിനയ് ഫോർട്ട്, ഭൂമിയിൽ ഷറഫുദ്ദീൻ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ആൽബത്തിൽ താരങ്ങളും മക്കളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ ആഴം വരച്ചുകാട്ടുന്നു. വിനീതിന്റെ വരികളിലും അത് പ്രകടമാണ്.
വിനീത് ശ്രീനിവാസന്റേതാണ് വരികൾ. വിനീത് തന്നെയാണ് ആൽബത്തിൽ പാടിയിരിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബാണ് മിക്‌സിങ്ങും അറേഞ്ച്‌മെൻറും ചെയ്തിരിക്കുന്നത്. രാഹുൽ രാജാണ് ഛായാഗ്രഹണം. എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നതും അൽഫോൺസ് പുത്രൻ തന്നെയാണ്.
‘പാട്ട്’ എന്ന ചിത്രത്തിൻറെ പണിപ്പുരയിലാണ് അൽഫോൺസ് പുത്രൻ. അൽഫോൺസ് തന്നെയാണ് ചിത്രത്തിന്റെ സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Kathakal Chollidaam Music Video