തലതിരിച്ചെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടം നേടി വീട്ടമ്മ

തലതിരിച്ചെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടം നേടിയ ആറ്റിങ്ങൽകാരി ശ്രദ്ധാകേന്ദ്രമാകുന്നു. ഇളമ്പ സ്വദേശിയായ നിറ്റി രാജ് എന്ന വീട്ടമ്മയാണ് ഈ നേട്ടം കൈവരിച്ചത്. കേവലം വാക്കുകളോ വാചകങ്ങളോ തലതിരിച്ചെഴുതിയല്ല നിറ്റിയുടെ ഈ നേട്ടം. സ്വന്തം ഭാവനയിൽ വിരിഞ്ഞ കഥകൾ തലതിരിച്ചെഴുതിയാണ് നിറ്റി രാജ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയത്. നാല് കഥകൾ, 19 ചെറുകഥകൾ, 30 ഒറ്റവരിക്കഥകൾ എന്നിവ തിരിച്ചെഴുതിയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.

കോളേജ് കാലം മുതൽ നിറ്റി കഥകളും കവിതകളും എഴുതുമായിരുന്നു. എന്നാൽ അവിചാരിതമായാണ് തിരിച്ചെഴുതുന്നതിനുള്ള കഴിവ് നിറ്റി തിരിച്ചറിഞ്ഞത്.

ടിവിയിൽ നിന്ന് കണ്ണാടിയിൽ കണ്ട വാക്കിന്റെ പ്രതിബിംബം എഴുതി നോക്കിയതോടെയാണ് മിറർ റൈറ്റിംഗിൽ കൗതുകം തോന്നുന്നത്. ലോക്ക് ഡൗൺ കാലത്താണ് തിരിച്ചെഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കൂടുതൽ എഴുതാൻ തുടങ്ങിയതും. തുടർന്ന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിലേക്ക് അപേക്ഷിച്ചു. ഗിന്നസ് ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം പിടിക്കുക എന്ന ആഗ്രഹത്തിന്റെ ആദ്യ പടിയായിട്ടാണിതിനെ കാണുന്നതെന്നും നിറ്റി പറയുന്നു.

മിറർ റൈറ്റിംഗിൽ മാത്രമല്ല, ഫാബ്രിക് പെയിന്റിംഗ്, മിറർ പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, ബോട്ടിൽ ആർട്, ക്രാഫ്റ്റ് വർക്ക് തുടങ്ങിയവയിലും നിറ്റിക്ക് പ്രാവീണ്യമുണ്ട്. ഇളമ്പ പൂവണത്തുംമൂട് ഇന്ദ്രപ്രസ്ഥത്തിൽ റെൻസി രമേശാണ് ഭർത്താവ്. തന്റെ കഴിവുകൾക്ക് കുടുംബത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും നിറ്റി കൂട്ടിചേർത്തു.

Kerala house wife sets record for ‘mirror writing’

Leave a Reply

Your email address will not be published. Required fields are marked *