കൊച്ചി പാസ്‌പോർട്ട് ഓഫീസിന് പുരസ്ക്കാരം; അവാര്‍ഡ് ലഭിക്കുന്നത് ഏഴാം തവണ

2020-21 വർഷത്തെ രാജ്യത്തെ മികച്ച പാസ്‌പോർട്ട് ഓഫീസിനുള്ള പുരസ്ക്കാരം കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിന് ലഭിച്ചു. ജലന്ധർ മേഖലാ പാസ്‌പോർട്ട് ഓഫീസ് രണ്ടാമതും, തിരുവനന്തപുരം മേഖലാ പാസ്‌പോർട്ട് ഓഫീസ് മൂന്നാമതുമെത്തി. 2014 ൽ വിദേശകാര്യ മന്ത്രാലയം മികച്ച പാസ്‌പോർട്ട് ഓഫീസുകൾക്ക് പാസ്പോർട്ട് സേവാ പുരസ്ക്കാരം ഏർപ്പെടുത്തിയ ശേഷം ഏഴാം തവണയാണ് കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസ് ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്. മേഖലാ പാസ്പോർട്ട് ഓഫീസർ ശ്രീ ഭാനുലാലിയാണ്‌ ഇക്കാര്യം അറിയിച്ചത്. 

കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസ് പത്തിൽ  9.88 സ്കോർ നേടിയപ്പോൾ, ജലന്ധർ മേഖലാ പാസ്‌പോർട്ട് ഓഫീസ് 9.85 സ്കോർ നേടി തൊട്ടു പിന്നിലും, തിരുവനന്തപുരം മേഖലാ പാസ്‌പോർട്ട് ഓഫീസ് 9.63 സ്കോർ നേടി മൂന്നാമതുമെത്തി. അപ്പോയിന്റ്മെന്റ് ലഭ്യത, പാസ്‌പോർട്ടിനുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് എടുക്കുന്ന സമയം, പരാതി പരിഹാരം, പാസ്‌പോർട്ടുകൾ നൽകുന്നതിലെ വേഗത, ജീവനക്കാരുടെ കാര്യക്ഷമത, പ്രോസസ്സ് ചെയ്യാൻ ബാക്കിയുള്ള അപേക്ഷകൾ, പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നുള്ള ഫയലുകളുടെ വർദ്ധന എന്നിവ ഉൾപ്പെടെ 15 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രകടനം വിലയിരുത്തിയത്. പോലീസ് വകുപ്പിന്റെ വേഗത്തിലുള്ള പരിശോധനയും തപാൽ വകുപ്പ് വേഗത്തിൽ എത്തിച്ചു നൽകിയതും കൊച്ചിയിലെ മേഖലാ പാസ്‌പോർട്ട് ഓഫീസിന്റെ കാര്യക്ഷമത ഉയരാൻ കാരണമായി.

2021-21 വർഷത്തിൽ പ്രതിദിനം 141 ഉം, 139 ഉം അപേക്ഷകൾ വീതം പരിശോധിച്ച കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിലെ രണ്ട് ജീവനക്കാർ വ്യക്തിഗത മികവിന് വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് വേണ്ടിയുള്ള മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനത്തെത്തി. കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിനെ പുരസ്ക്കാരത്തിനർഹമാക്കുന്നതിൽ ജീവനക്കാരുടെ കഠിനാധ്വാനം പ്രധാന ഘടകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *