കാല്‍പന്തുകളിയുടെ രാജകുമാരന്​ ഇന്ന് 33ാം പിറന്നാൾ;ലോകമെങ്ങുനിന്നും ആശംസാ പ്രവാഹം

കാല്‍പന്തുകളിയുടെ രാജകുമാരന് ഇന്ന് 33ാം പിറന്നാള്‍. ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും പോസ്റ്റര്‍ ബോയ് ലയണല്‍ മെസ്സിയാണ് പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്നത്. 1987ല്‍ ഇതേ ദിവസമായിരുന്നു ഫുട്‌ബോളിലെ ലയണെന്ന് ആരാധകര്‍ ഓമനപ്പേരിട്ട മെസ്സി അവതരിച്ചത്. ശാരീരിക വിഷമതകള്‍ നിറഞ്ഞ ബാല്യകാലത്തെ അതിജീവിച്ച് മെസ്സിയെ ഇന്നു കാണുന്ന മെസ്സിയാക്കിയത് ബാഴ്‌സലോണയാണ്. ‘തങ്ങളുടെ കുട്ടിയായി’ കുഞ്ഞു മെസ്സിയെ വളര്‍ത്തിക്കൊണ്ട് വന്ന് പിന്നീട് കളത്തിലേക്കു കയറൂരിവിട്ടത് ബാഴ്‌സയാണ്. ബാഴ്‌സയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ മെസ്സിയെന്ന ജീനിയസിനെ നമുക്ക് നഷ്ടമാവുമായിരുന്നു.

ഫുട്‌ബോള്‍ കരിയറില്‍ മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാനാകാത്ത നേട്ടങ്ങളാണ് മെസ്സി ഇതുവരെയായി സ്വന്തമാക്കിയിട്ടുള്ളത്. 2003 നവംബര്‍ 16ന് തന്റെ പതിനേഴാം വയസില്‍ ബാഴ്‌സലോണ സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറി. ഇതിനകം തന്നെ 10 ലാ ലീഗ കിരീടങ്ങള്‍, നാലു തവണ ചാമ്പ്യന്‍സ് ലീഗ്, 6 തവണ കോപ്പ ഡെല്‍ റേ, 3 തവണ ക്ലബ്ബ് ലോകകപ്പ്, 3 തവണ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നിവ മെസ്സിയുടെ മികവില്‍ ബാഴ്‌സലോണ സ്വന്തമാക്കി.

അര്‍ജന്റീനയ്ക്കായി ആകെ 138 കളികളില്‍ നിന്നും 70 ഗോളുകള്‍ നേടിയിട്ടുണ്ട്.2005 ഓഗസ്റ്റ് പതിനേഴിന് ഹംഗറിക്കെതിരെ കളിച്ചുകൊണ്ടുകൊണ്ടാണ് അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പുകാര്‍ഡ് കിട്ടിയെങ്കിലും ദേശീയ ടീമിനായി മെസ്സി പ്രോജ്വലമായ കരിയര്‍ കാഴ്ചവെച്ചു. രണ്ടുതവണ അര്‍ജന്റീനയെ കോപ്പ അമേരിക്ക ഫൈനലിലെത്തിച്ചതും 2014 ഫിഫ ലോകകപ്പില്‍ ടീം ഫൈനലിലെത്തിയതും മെസ്സിയുടെ മികവുകൊണ്ടാണ്. ബാഴ്‌സലോണയ്ക്കായി ഇതുവരെ 722 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 629 ഗോളുകളും നേടി.

മെസ്സി 6 തവണ ബാലണ്‍ ഡിഓര്‍ നേടി അതിശയിപ്പിച്ചുണ്ട്. പ്രായം ഒരുതരത്തിലും മങ്ങലേല്‍പ്പിക്കാത്ത അസാമാന്യ പ്രതിഭയായാണ് മെസ്സി വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ 40 വയസുവരെയെങ്കിലും നിലവിലെ ഫോമില്‍ മെസ്സിക്ക് കളിക്കളത്തില്‍ തുടരാന്‍ കഴിയുമെന്നും ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

lione messi turns 33

Leave a Reply

Your email address will not be published. Required fields are marked *