2024ല്‍ ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തി നാസ. ഇതിന്റെ ഭാഗമായി ആദ്യ വനിതയും ചന്ദ്രനിലിറങ്ങും. 28 ബില്യണ്‍ ഡോളറാണ് ചന്ദ്രനിലേക്കുളള യാത്രയ്ക്ക് നാസ കണക്കാക്കുന്നത്. ഇതില്‍ 16 ബില്യണ്‍ ഡോളര്‍ ലൂണാര്‍ ലാന്‍ഡിംഗ് മൊഡ്യൂളിന് വേണ്ടിയാകും ചെലവാക്കുക. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ തന്നെ ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കി നിശ്ചയിച്ച പദ്ധതിക്ക് അമേരിക്കന്‍ ഭരണകൂടം ധനസഹായം നല്‍കേണ്ടി വരും. 2021-25 ബജറ്റ് വര്‍ഷങ്ങളില്‍ ഇതിനായുളള പണം ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുളള ആര്‍ട്ടിമിസ് ദൗത്യത്തെക്കുറിച്ച് തിങ്കളാഴ്ച മാദ്ധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നാസയുടെ രക്ഷാധികാരി ജിം ബ്രിഡെന്‍സ്‌റ്റൈന്‍ വെളിപ്പെടുത്തിയത്. രാഷ്ട്രീയ അപകടസാദ്ധ്യതകള്‍ പലപ്പോഴും നാസയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാണ്. പ്രത്യേകിച്ചും നിര്‍ണായക തിരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രശ്നങ്ങളുണ്ട്. തന്റെ മുന്‍ഗാമി കോടിക്കണക്കിന് ഡോളര്‍ പദ്ധതിക്കായി ചെലവഴിച്ചതിന് ശേഷം ബരാക് ഒബാമ ഒരു മനുഷ്യസഹായ ചൊവ്വ ദൗത്യത്തിനുള്ള പദ്ധതി റദ്ദാക്കിയ അനുഭവമുണ്ട്. ക്രിസ്മസിന് ആദ്യത്തെ 3.2 ബില്യണ്‍ ഡോളര്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍, 2024ല്‍ ചന്ദ്രനിലിറങ്ങാന്‍ സജ്ജരാണെന്ന് ബ്രിഡെന്‍സ്‌റ്റൈന്‍ പറഞ്ഞു.
ആര്‍ട്ടിമിസ് ദൗത്യത്തിന് മുന്നോടിയായുള്ള യാത്രകള്‍ 2021ല്‍ തന്നെ നാസ ആരംഭിക്കും. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പ് ചന്ദ്രനെ ചുറ്റുന്ന രണ്ട് ബഹിരാകാശ ദൗത്യങ്ങളും നടക്കും. ആര്‍ട്ടിമിസ് ഒന്ന് ദൗത്യത്തില്‍ എസ്.എല്‍.എസും ഓറിയോണ്‍ ബഹിരാകാശ വാഹനവുമായിരിക്കും പരീക്ഷിക്കുക. രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തില്‍ ബഹിരാകാശ സഞ്ചാരികളും കൂട്ടത്തിലുണ്ടാകും. ഇതിന് തൊട്ടടുത്ത വര്‍ഷം 2024ല്‍ ആര്‍ട്ടിമിസിന്റെ മൂന്നാം ദൗത്യത്തിന്റെ ഭാഗമായിട്ടാകും ആദ്യ സ്ത്രീയും ഒരു പുരുഷനും ചന്ദ്രനിലിറങ്ങുക.
ചൊവ്വയിലേക്കുള്ള ഭാവി യാത്രകള്‍ക്കുളള അടിത്തറയായാണ് ഈ ചാന്ദ്ര ദൗത്യത്തെ നാസ കാണുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തുള്ള ആകാശഗോളത്തില്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയുകയും അനുഭവങ്ങള്‍ ഊര്‍ജ്ജമാക്കുകയുമാണ് ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ലക്ഷ്യം. നാസ നിര്‍മ്മിച്ചിട്ടുളളതില്‍ ഏറ്റവും കരുത്തുള്ള റോക്കറ്റാണ് ആര്‍ട്ടിമിസ് ദൗത്യത്തിനായി ഒരുക്കുന്നത്. ഒമ്പത് ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്കുവരെ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്) ഉപയോഗിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
‘Mission 2024’; NASA plans to send first woman to moon