വീണ്ടും സാധാരണ കുടുംബങ്ങളുടെ കണ്ണുനനയിച്ചുകൊണ്ട് ഉള്ളിവില കിലോയ്ക്ക് നൂറു രൂപയും കടന്നു

സാധാരണ കുടുംബങ്ങളുടെ കണ്ണുനനയിച്ചുകൊണ്ട് ഉള്ളിവില കിലോയ്ക്ക് നൂറു രൂപയും കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടുദിവസം മഴ പെയ്താൽ തൊട്ടടുത്ത ദിവസങ്ങളിൽ രാജ്യത്തെവിടെയും ഉള്ളി വില കയറാൻ തുടങ്ങും. എല്ലാ വർഷവും മുടക്കമില്ലാതെ ആവർത്തിക്കുന്ന പ്രതിഭാസമാണിത്. രാജ്യത്ത് സംഭരണ ശാലകൾ പതിന്മടങ്ങു വർദ്ധിച്ചിട്ടും വിതരണ ശൃംഖല ഇടയ്ക്കൊന്നു മുറിഞ്ഞാൽ പൊടുന്നനെ ഇത്തരത്തിൽ വില കുതിച്ചുകയറുന്നതിനു പിന്നിൽ തീർച്ചയായും കൊള്ളലാഭം ലക്ഷ്യമിട്ടു നടക്കുന്ന പൂഴ്‌ത്തിവയ്പും പ്രധാന കാരണമാകാം. സംസ്ഥാനത്ത് എവിടെയും ഒരാഴ്ച മുൻപുവരെ വഴിയോരങ്ങളിൽ നൂറു രൂപയ്ക്ക് നാലു കിലോയ്ക്കു വിറ്റിരുന്ന സവാളയാണ് ഒറ്റയടിക്ക് നൂറു രൂപയും കടന്നിരിക്കുന്നത്. ചെറിയ ഉള്ളിക്കു നേരത്തെ തന്നെ അറുപതും എഴുപതുമൊക്കെയായിരുന്നു കിലോയ്ക്കു വില. അത് ഇപ്പോൾ 120-നു മുകളിലാണ്.

ഉള്ളി വില അനിയന്ത്രിത തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ നാഫെഡിൽ നിന്ന് അടിയന്തരമായി 75 ടൺ സവാള വാങ്ങി ഹോർട്ടികോർപ്പ് വില്പനശാലകൾ വഴി വിറ്റഴിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് നല്ല കാൽവയ്പാണ്. കിലോയ്ക്ക് 45 രൂപ നിരക്കിൽ ഈ സവാള വിൽക്കാനാണു ഉദ്ദേശിക്കുന്നതെന്ന് കൃഷിമന്ത്രി സുനിൽകുമാർ പറഞ്ഞിട്ടുണ്ട്. ഇതിനുള്ള നടപടികൾ ഔദ്യോഗിക നൂലാമാലകളിൽ കുടുങ്ങാതിരിക്കാൻ മന്ത്രി തന്നെ ശ്രദ്ധിക്കണം. കഴിഞ്ഞ വർഷം ഉള്ളി വില കൂടിയപ്പോൾ ഇറക്കുമതിയെക്കുറിച്ചും നാഫെഡിൽ നിന്നു വാങ്ങുന്നതിനെക്കുറിച്ചുമൊക്കെ ഏറെ പറഞ്ഞുകേട്ടിരുന്നുവെങ്കിലും ചരക്ക് യഥാസമയം എത്തിക്കാൻ കഴിഞ്ഞില്ലെന്നത് വിമർശനത്തിനിടയാക്കിയിരുന്നു. കയ്‌പേറിയ അത്തരം അനുഭവം ആവർത്തിക്കാതിരിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നാഫെഡിൽ നിന്നുള്ള സവാള വാങ്ങൽ 75 ടണ്ണിൽ ഒതുക്കുകയുമരുത്. വിപണി സ്ഥിരത ഉണ്ടാകുന്നതുവരെ ഇറക്കുമതി തുടരണം. വിദേശത്തുനിന്ന് നേരിട്ടു സവാള വരുത്താനാകുമെങ്കിൽ ആ വഴിക്കും സത്വരമായ ശ്രമം തുടങ്ങണം. സവാളയ്ക്കു പുറമെ ചെറിയ ഉള്ളിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ നടപടിയെടുക്കണം. ഹോർട്ടികോർപ്പിന്റെയും കൃഷിവകുപ്പിന്റെയും പ്രവർത്തനക്ഷമത ജനങ്ങൾക്കു ബോദ്ധ്യമാകേണ്ട സന്ദർഭം കൂടിയാണിത്. ഓർഡർ നൽകിയ 75 ടൺ സവാളയിൽ ഒരു ഭാഗം കഴിഞ്ഞ ദിവസം ഇവിടെ എത്തിയെന്നാണറിയുന്നത്. ആവശ്യമനുസരിച്ച് കൂടുതൽ സവാളയ്ക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നല്ല കാര്യമാണത്.

ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാരും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ഉള്ളി ഇറക്കുമതി നിയന്ത്രണങ്ങളിൽ ഡിസംബർ പകുതിവരെ ഇളവ് അനുവദിച്ചുകഴിഞ്ഞു. ഉള്ളിയുടെ കയറ്റുമതിയും താത്‌കാലികമായി നിരോധിച്ചിട്ടുണ്ട്. ഉള്ളി ഉത്പാദക രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പരമാവധി ഉള്ളി എത്തിക്കാൻ അവിടങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഉള്ളി വില അമിതമായി ഉയരുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിക്കു കാരണമാകുമെന്ന ആശങ്കയുള്ളതിനാൽ കേന്ദ്രം പ്രശ്നത്തിൽ സജീവമായി ഇടപെടുന്നുണ്ട്. രാഷ്ട്രീയ അട്ടിമറിക്കു തന്നെ ഉള്ളി വിലക്കയറ്റം കാരണമായ ചരിത്രം ഉണ്ട്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷികൾ തൂത്തെറിയപ്പെട്ടത് ഉള്ളിക്ക് വില നൂറു രൂപയും കടന്നപ്പോഴാണ്. ഇപ്പോൾ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സമാനമായൊരു സാഹചര്യമാണ് ഉരുണ്ടുകൂടുന്നത്. പ്രതിപക്ഷ നിരകൾക്ക് ശക്തമായൊരു ആയുധമാണ് ഉള്ളിയിലൂടെ കൈവന്നിരിക്കുന്നത്.

സംസ്ഥാനത്ത് സവാളയും ചെറിയ ഉള്ളിയും മാത്രമല്ല കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കുന്നത്. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ എല്ലാവിധ പച്ചക്കറികൾക്കും വില ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ മഴയോ വെള്ളപ്പൊക്കമോ വലിയ തോതിൽ കൃഷിനാശം വരുത്തിയതായി കേട്ടിട്ടില്ല. എങ്കിലും അതിന്റെ പേരിൽ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ഒരേ തോതിൽ വില ഉയർന്നുകൊണ്ടിരിക്കുകയാണ്. വില കൂടാൻ പ്രത്യേക കാരണമൊന്നും വേണമെന്നില്ല. സർക്കാർ ഏജൻസികളുടെ വിപണി ഇടപെടൽ ഫലപ്രദമാകാത്തിടത്തോളം കാലം ഈ പ്രതിഭാസം തുടരുമെന്നതാണ് അനുഭവം.

കൊവിഡിന്റെ മറവിൽ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ഏറിയും കുറഞ്ഞും വില ഉയർന്നത് പൊതുവേ ശ്രദ്ധിക്കപ്പെടാതെ പോയി. ദുരിതകാലത്ത് വില അധികമായാലും സാധനങ്ങൾ കിട്ടുന്നല്ലോയെന്ന ആശ്വാസമായിരുന്നു എല്ലാവർക്കും. കൂട്ടിവച്ച വില പിന്നീട് ഒരിക്കലും താഴേക്കു വരികയില്ല. മാത്രമല്ല നേരിയ തോതിൽ അതു കയറിക്കൊണ്ടു തന്നെയിരിക്കും. ആറുമാസം മുൻപുള്ള വിലയുമായി തട്ടിച്ചുനോക്കുമ്പോഴാകും വിലയിലെ വലിയ അന്തരം ബോദ്ധ്യപ്പെടുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണക്കാർക്ക് തുണയാകേണ്ട സർക്കാർ ഏജൻസികളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതാണ് പ്രശ്നം കൂടുതൽ മൂർച്ഛിക്കാൻ പ്രധാന കാരണം. വിപണിയുടെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ വേണ്ടി ആരംഭിച്ച സിവിൽ സപ്ളൈസ് വില്പനശാലകളുടെ പ്രവർത്തനം തൃപ്തികരമാണെന്നു പറഞ്ഞുകൂടാ. ഒരുകാലത്ത് ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന അവ ഇപ്പോൾ അത്ര ആകർഷകമല്ല. വലിയ തോതിൽ വില വ്യത്യാസമില്ലാത്തതിനാൽ ആളുകൾക്കും വലിയ താത്‌പര്യമില്ല.

ഭക്ഷണശീലങ്ങളിൽ വന്ന മാറ്റം ഒരു വസ്തുവിനെയും പാടേ ഒഴിവാക്കാനാവാത്ത അവസ്ഥ വരുത്തിയിട്ടുണ്ട്. ഉള്ളി വില പിടിവിട്ടു പോകുന്ന ഘട്ടത്തിൽ അതിന്റെ ഉപയോഗം കുറയ്ക്കാനാകുമെന്നല്ലാതെ തീരെ വേണ്ടെന്നുവയ്ക്കാൻ പലർക്കും പ്രയാസമായിരിക്കും. പൂഴ്ത്തിവയ്പുകാർക്കും കൊള്ളലാഭക്കാർക്കും അവസരമൊരുക്കാതെ സർക്കാർ ഫലപ്രദമായി ഇടപെട്ടാൽ വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാനാവും.

Once again, the price of onion crossed Rs 100 per kg in the eyes of ordinary families

Leave a Reply

Your email address will not be published. Required fields are marked *