രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗ സമയത്ത് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ വിമര്ശിച്ച് പ്രധാനമന്ത്രി. രാഷ്ട്രപതിയുടെ പ്രസംഗ സമയത്ത് സഭയില് വേണമായിരുന്നു. ബഹിഷ്‌കരിച്ചവർക്കും പ്രസംഗം ചർച്ച ചെയ്യേണ്ടി വന്നു. സന്ദേശം അത്രമാത്രം പ്രസക്തമായിരുന്നു എന്നതാണ് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയില് നന്ദിപ്രമേയ ചര്ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു നരേന്ദ്രമോദി.
അവസരങ്ങളുടെ ഭൂമിയാണ് ഇന്ത്യ. നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നു. ഇന്ത്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നു. മാനവരാശിയെ രക്ഷിക്കാനുള്ള ഏറ്രവും വലിയ വാക്‌സിന് യജ്ഞത്തിലാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷനാണ് ഇന്ത്യയില് നടക്കുന്നത്.
പ്രതിപക്ഷം കോവിഡ് പോരാട്ടത്തെ പരിഹസിക്കുകയായിരുന്നു. ഇന്ത്യ വാക്‌സിന് നിർമ്മിക്കുമെന്നോ, എത്രപേർക്ക് വിതരണം ചെയ്യുമെന്നോ പോലും പലരും വിശ്വസിച്ചില്ല. എന്നാൽ ഇന്ന് വാക്‌സിന് വിതരണത്തിൽ ലോകത്തിന് തന്നെ രാജ്യം മാതൃകയാണ്. ഇന്ത്യയുടെ ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നത്.
ഇത് ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല, ഹിന്ദുസ്ഥാന്റെ വിജയമാണ്. ലോകത്തെ രക്ഷിക്കുന്ന കടമയും രാജ്യം ഏറ്റെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകസമരത്തെയും പ്രധാനമന്ത്രി വിമർശിച്ചു. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ല. കൃഷിമന്ത്രിയുടെ ചോദ്യങ്ങൾക്ക് ആരും മറുപടി നൽകുന്നില്ലെന്ന് മോദി പറഞ്ഞു.
കർഷകരെ വിശ്വാസത്തിൽ എടുത്താണ് കേന്ദ്രസർക്കാർ നിയമം പാസ്സാക്കിയത്. ചെറുകിട കർഷകർ വഞ്ചിക്കപ്പെടുകയാണ്. 12 കോടിയോളം കർഷകർക്ക് വളരെ കുറച്ച് ഭൂമി മാത്രമാണുള്ളത്. ബാങ്ക് വായ്പയും ആനുകൂല്യങ്ങളും ചെറുകിട കർഷകന് ലഭിക്കുന്നില്ല. വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ചെറുകിട കർഷകർക്ക് ലഭിച്ചു. സർക്കാർ നയങ്ങളുടെ ആധാരം ചെറുകിട കർഷകരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM criticizes farmers’ strike