തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂരം വിളംബരം

ഇരുന്നൂറ്റി, ഇരുപത്തിയഞ്ചാം തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂരം വിളംബര ചടങ്ങ് നടക്കും. രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറക്കുന്നതോടെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിന് തുടക്കമാകും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരം എറണാകുളം ശിവകുമാറാണ് ഇത്തവണ നെയ്തലക്കാവിലമ്മയുടെ തിടമ്‌ബേറ്റുന്നത്. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിൻറെ ആധാരം. ഘടകപൂരങ്ങൾക്ക് വടക്കുന്നാഥക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കൽപം. ഇന്നലെ നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ്സ് വിതരണത്തെക്കുറിച്ച് ആദ്യം ആശയക്കുഴപ്പം നിലനിന്നിരുന്നു.

കോവിഡ് പരിശോധനാഫലം വൈകിയതിനാൽ രാത്രി വൈകിയും മൂന്ന് പേർക്ക് മാത്രമേ പാസ്സ് കിട്ടിയിരുന്നുള്ളൂ. പാസ് കിട്ടിയില്ലെങ്കിൽ എഴുന്നെള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് പൂരവിളംബരത്തിന് പാസ്സ് വേണ്ടെന്നും, ചടങ്ങിൽ 50 പേർ മാത്രമേ പാടുള്ളൂ എന്ന് പൊലീസ് നിർദ്ദേശിക്കുകയും ചെയ്തതോടെ ആശയക്കുഴപ്പം അവസാനിച്ചു.

പൂരത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരവും പരിസരവും ഇന്ന് വൈകീട്ട് മുതൽ പൂർണമായി പൊലീസ് നിയന്ത്രണത്തിലാകും. 2000 പൊലീസുകാരെയാണ് സുരക്ഷയ്ക്കും പാസ് പരിശോധനയ്ക്കുമായി വിന്യസിച്ചിരിക്കുന്നത്.

പൊലീസിൻറെ പൂർണ നിയന്ത്രണത്തിലാകും തൃശ്ശൂർ പൂരം നടത്തിപ്പ്. സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസ്സുള്ളവർക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങൾക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവർ, ക്ഷേത്ര ഭാരവാഹികൾ, ആനപ്പാപ്പാൻമാർ, വാദ്യക്കാർ തുടങ്ങിയവർക്ക് പ്രത്യേക പാസ്സുകൾ നൽകിയാണ് പ്രവേശനം നൽകുക. ആറ് ഡെപ്യൂട്ടി കലക്ടർമാരും പൂരം നടത്തിപ്പിന് നേതൃത്വം നൽകും.

നഗരഭാഗത്തുള്ള ഫ്‌ളാറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ, അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ഇവിടങ്ങളിൽ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കണം. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ് മാളുകളും പ്രവർത്തിക്കാൻ അനുവദിക്കില്ല. പൂരദിവസം സ്വരാജ് റൗണ്ടിൽ വാഹന ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.

Pooram proclamation today about the beginning of Thrissur Pooram

Leave a Reply

Your email address will not be published. Required fields are marked *