വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്ക് സൗജന്യമായി ആർടിപിസിആർ ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എയർപോർട്ടിലെ പരിശോധന കർശനമാക്കണമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള നിർദേശം. അതിനാൽ ടെസ്റ്റ് നടത്താതിരിക്കാനാകില്ല. വരുന്ന പ്രവാസികളുടെ പരിശോധ സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാംതരംഗമുണ്ടാകുന്നുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് 31 ശതമാനം വർധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എയർപോർട്ട് നിരീക്ഷണം കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
കേരളത്തിന് ശാസ്ത്രീയമായി കോവിഡിനെ പ്രതിരോധിക്കാൻ സാധിച്ചു. ജനങ്ങളുടെ പൂർണപിന്തുണകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട നിലയിൽ കേരളത്തിന് പ്രതിരോധിക്കാനായതെന്നും മന്ത്രി പറഞ്ഞു.
RTPCR test for expatriates to be conducted free of cost: Minister Shailaja