ബിസിസിഐയുടെ വിലക്ക് അവസാനിച്ച മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിൽ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രസിഡന്റ്‌സ് ടി-20 ടൂർണമെൻ്റാണ് താരത്തിൻ്റെ തിരിച്ചുവരവിന് സാക്ഷിയവുക. ഡിസംബറിൽ തീരുമാനിച്ചിരിക്കുന്ന ടൂർണമെൻ്റിൻ്റെ തീയതി നിശ്ചയിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാൽ മറ്റ് വിവരങ്ങൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കും.
ഡ്രീം ഇലവൻ്റെ പിന്തുണയുള്ള ടൂർണമെൻ്റാണ് ഇത്. ശ്രീശാന്ത് ആയിരിക്കും പ്രസിഡന്റ്‌സ് ടി-20 ടൂർണമെന്റിലെ പ്രധാന ആകർഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ വർഗീസ് പറഞ്ഞു. ആലപ്പുഴയിലെ ഹോട്ടലിൽ കളിക്കാർക്ക് സൗകര്യമൊരുക്കും. ടൂർണമെൻ്റ് ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മത്സരങ്ങൾ ലീഗ് ഫോർമാറ്റിൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. സെപ്തംബർ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.
Sreesanth returns to cricket pitch; Will be on the field in December