സംസ്ഥാനത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഒരുമിച്ച് വാക്‌സിന്‍ എത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം അനുവദിക്കേണ്ടതാണ്. കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ക്രഷിംഗ് ദ കര്‍വിന്റെ ഭാഗമായി കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്.

സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് ഇതുവരെ എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. ഇത് വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിക്കുകയാണ്. മാത്രമല്ല 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങുന്നതിനും നിലവിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. അതിനാല്‍ തന്നെ എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 2,02,313 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1100 സര്‍ക്കാര്‍ ആശുപത്രികളും 330 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,430 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷന്‍ നടന്നത്. ഇതുവരെ ആകെ 62,36,676 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 54,38,319 പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 7,98,357 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നേരത്തെ നല്‍കിയിരുന്നത്. ഇപ്പോള്‍ 45 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.

State should be given vaccine immediately: Minister KK Shailaja

Leave a Reply

Your email address will not be published. Required fields are marked *