ഓസ്‌കാർ പുരസ്‌കാരത്തിന് യോഗ്യത നേടി സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സൂരറൈ പോട്ര്. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്. ജനറൽ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാവായ രാജശേഖർ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.
ആമസോൺ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. എയർ ഡെക്കാൻ വിമാന കമ്ബനി സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രമായിരുന്നു സൂരറൈ പോട്ര്. ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്ക് കൂടി യാത്രചെയ്യാൻ കഴിയുന്ന വിമാന സർവീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുളള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അപർണ ബാലമുരളി, ഉർവ്വശി, പരേഷ് റാവൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയുളളതിനാൽ മത്സര ചിത്രങ്ങൾക്കുളള നിയമങ്ങളിൽ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസാഞ്ചൽസിൽ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഓൺലൈനായാണ് ജൂറി അംഗങ്ങൾ സിനിമ കണ്ടത്. അടുത്ത ഘട്ടത്തിൽ ഈ മാസം 28 മുതൽ യു എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണം.
Surai Potter enters the first stage of the Oscars