വിഷു എന്ന പുതുവർഷ ആരംഭം

മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. വിഷു എന്നുപറയുന്നത് തന്നെ മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. അതുകൊണ്ടുതന്നെയാണ് പുതുവർഷത്തിന്റെ ഐശ്വര്യത്തിനായി പുലർച്ചെ കണി കാണുന്നതും കൈനീട്ടം നൽകുന്നതും. ഈ വർഷത്തെ വിഷു നാളെ അതായത് ഏപ്രിൽ 14 ന് ആണ്.

വിഷുവിന് കണിയൊരുക്കുന്നതിന് ചിട്ടകളുണ്ട്. കുടുംബത്തിലുള്ള ഏറ്റവും മുതിർന്നവർവേണം വിഷുവിന് കണിയൊരുക്കാൻ എന്നാണ് വിശ്വാസം. വിഷുക്കണി എന്ന് പറയുന്നത് പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണ്.

വിഷുക്കണിയുടെ പ്രാധാന്യം എന്നുപറയുന്നത് ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത് എന്നതാണ്. പ്രകൃതിയുടെ പ്രതീകമായ ഓട്ടുരുളിയിൽ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ശേഷം ആദ്യം സ്വർണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക.

പിന്നീട് ചക്ക, നാളികേരം, മാങ്ങ, കദളിപ്പഴം,നാരങ്ങ, നെല്ലിക്ക എന്നിവ വയ്ക്കുക. ഗണപതിയുടെ ഇഷ്ടഭക്ഷണമാണ് ചക്കയും നാളികേരവും. അതുപോലെ മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ലക്ഷ്മി ദേവിയുടെ സങ്കൽപ്പത്തിനാണ് നാരങ്ങയും നെല്ലിക്കയും വയ്ക്കുന്നത്.

ഐതിഹ്യം

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. ആദ്യത്തേത് നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷു എന്നതാണ്. രണ്ടാമത്തെ ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണൻ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യൻ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷു എന്നതാണ് രണ്ടാമത്തെ ഐതിഹ്യം.

വിഷുവിന്റെ തലേദിവസം വീടുകളുടെ പരിസരത്തുള്ള ചപ്പുചവറുകൾ അടിച്ചുവാരി കത്തിച്ചുകളയുന്ന പതിവും ചിലയിടങ്ങളിലുണ്ട്. രാവണവധത്തിനെ തുടർന്ന് നടന്ന ലങ്കാദഹനത്തിന്റെ പ്രതീകമാണ് ഇതെന്നും വിശ്വാസമുണ്ട്.

പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം . വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന് കാരണം. പണ്ട് മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത് മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്.

പുതുവർഷ ആരംഭം

കാർഷിക സംസ്‌കാരവുമായി മാത്രമല്ല, ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായുമൊക്കെ പ്രത്യേകതകൾ ഉള്ള ഉത്സവമാണ് വിഷു. തുല്യമായത് എന്നാണ് വിഷു എന്ന വാക്കിന്റെ അർത്ഥം. രാത്രിയും പകലും തുല്യമായ ദിവസം എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത്. ഓരോ വർഷവും രാവും പകലും തുല്യമായ രണ്ട് ദിവസങ്ങൾ വരും, മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളിൽ ഭൂമിയുടെ ഏതു ഭാഗത്തുള്ളവർക്കും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും. മേയം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാവിഷുവും ആഘോഷിക്കാറുണ്ടെങ്കിലും മേടവിഷുവാണ് മലയാളികൾക്ക് പ്രധാനം. കലിവർഷവും ശകവർഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.

വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. കാസർക്കോട് മുതൽ തിരുവനന്തപുരം നീളുന്ന കേരളത്തിന്റെ വിഷു ആഘോഷങ്ങൾക്ക് പലയിടങ്ങളിലും പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മലബാറിൽ ചിലയിടങ്ങളിൽ വിഷുക്കണിയുമായി ബന്ധപ്പെട്ട് അകം കണി, പുറം കണി എന്നിങ്ങനെ ചില പ്രത്യേക? ആചാരങ്ങളും നിലവിലുണ്ട്.

വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.

കണിയുരുളിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കണിക്കൊന്ന. കൊന്നപ്പൂക്കൾ ഇല്ലാതെ വിഷു ആഘോഷങ്ങൾക്ക് പൂർണ്ണതയില്ല എന്നാണ് സങ്കൽപ്പം. കണിക്കൊന്നയും വിഷുവും തമ്മിലെന്ത് ബന്ധം എന്നതിന് നിറയെ സങ്കൽപ്പകഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് കൂടുതൽ വിശ്വസനീയമായി നിലവിലുള്ളത്. കൊടുംവേനലിനു തൊട്ടുമുൻപ് പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്ക്കൾ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്ന ചെടിയാണ് കണികൊന്ന. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്നൊരു കണക്കും മുൻപുണ്ടായിരുന്നു. മീനമാസചൂടിൽ സുലഭമായി ലഭിക്കുന്ന പൂക്കൾ എന്ന നിലയിലാവാം ചിലപ്പോൾ കണിക്കൊന്ന വിഷു ആഘോഷങ്ങളുടെ ഭാഗമായി മാറിയത്.

വിഷുഫലം

കണികണ്ടു കഴിയുമ്പോൾ വിഷുഫലം പറയുന്ന രീതിയും പലയിടങ്ങളിലും നിലവിലുണ്ട്. ഒരു വ്യക്തിയുടെ വരാൻ പോകുന്ന വർഷം എങ്ങനെയായിരിക്കുമെന്ന സൂചനകളാണ് ജ്യോതിഷശാസ്ത്രത്തിലൂടെ നിർണയിക്കുന്നത്. ഒരു വർഷത്തെ കാർഷിക വൃത്തിയുടെ ഗുണഫലങ്ങൾ കൂടിയാണ് വിഷുഫലത്തിൽ തെളിയുന്നത് എന്നാണ് വിശ്വാസം. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നൊരു വിശ്വാസവും നിലവിലുണ്ട്.

വിഷുഫലം പറയുന്ന രീതി പണ്ടു കാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ ”യാവന” എന്നാണ് പറയുക.

The beginning of the new year, Vishu

Leave a Reply

Your email address will not be published. Required fields are marked *