2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ എസ്. ഹരീഷിന്റെ ‘മീശ’ നോവൽ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹമായി. പി. രാമൻ, എം.ആർ. രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന് അർഹരായി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. പി. വൽസലയ്ക്കും വി.പി. ഉണ്ണിത്തിരിയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവുമാണ് പുരസ്‌കാരം. എൻ.കെ. ജോസ്, പാലക്കീഴ് നാരായണൻ, പി. അപ്പുക്കുട്ടൻ, റോസ് മേരി, യു. കലാനാഥൻ, സി.പി. അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് സംവിധായകൻ സത്യൻ അന്തിക്കാട് അർഹനായി.
സജിത മഠത്തിൽ, ജിഷ അഭിനയ (നാടകം), ഡോ. കെ.എം. അനിൽ (സാഹിത്യ വിമർശനം), ജി. മധുസൂദനൻ (വൈജ്ഞാനിക സാഹിത്യം), ഡോ. ആർ.വി.ജി. മേനോൻ (ശാസ്ത്ര ചരിത്രം), എം.ജി.എസ്. നാരായണൻ (ജീവചരിത്രം), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം), കെ. അരവിന്ദാക്ഷൻ (വിവർത്തനം) കെ.ആർ. വിശ്വനാഥൻ (വിവർത്തനം) എന്നിവരും പുരസ്‌കാരത്തിന് അർഹരായി.
പ്രൊഫസർ മാധവൻ (ഐ.സി. ചാക്കോ പുരസ്‌കാരം) ഡി. അനിൽകുമാർ (കനകശ്രീ അവാർഡ്), അമൽ (ഗീതാ ഹിരണ്യൻ അവാർഡ്), ബോബി ജോസ് കട്ടിക്കാട് (സിബി കുമാർ അവാർഡ്), സന്ദീപാനന്ദ ഗിരി (കെആർ നമ്പൂതിരി അവാർഡ്) സി.എസ്. മീനാക്ഷി (ജി.എൻ.പിള്ള. അവാർഡ്), ഇ.എം. സുരജ (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം) എന്നിവർ വിവധ എൻഡോവ്മെന്റ് അവാർഡുകൾക്കും അർഹരായി.
അതേസമയം എസ്. ഹരീഷിന്റെ ‘മീശ’യ്ക്ക് അവാർഡ് നൽകിയതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തെത്തി. അവാർഡ് നൽകിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയൻ സർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു. ശബരിമലയിൽ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നത്. നോവലിൽ വർഗീയപരാമർശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവർ തന്നെ അത് പിൻവലിച്ചതാണെന്നും സുരേന്ദ്രൻ പറയുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവൽ ആദ്യം പ്രസിദ്ധീകരിച്ചുവന്നത്. എന്നാൽ വിവാദങ്ങളെത്തുടർന്ന് നോവലിന്റെ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പ് നിർത്തിയിരുന്നു. ഒടുവിൽ ഡിസി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.
The Kerala Sahitya Akademi Awards 2019 have been announced