രണ്ടാം ബാച്ച് കോവിഡ് പ്രതിരോധ വാക്‌സിനും കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് 1,34,000 ഡോസ് വാക്‌സിന്‍ എത്തിയത്. വാക്‌സിന്‍ മേഖലാ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.
ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ചേര്‍ന്നാണ് വാക്‌സിന്‍ ഏറ്റുവാങ്ങിയത്. നിശ്ചിത ഊഷ്മാവില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാനിലാണ് വാക്‌സിന്‍ മേഖലാ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് ഇത്. ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ രാവിലെ കൊച്ചിയിലെത്തിയിരുന്നു.ഗോ എയര്‍ വിമാനത്തിലാണ് ആദ്യഘട്ട വാക്‌സിന്‍എത്തിയത്. ഇത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.ആദ്യബാച്ചില്‍ 25 ബോക്‌സുകളാണ് ഉണ്ടായിരുന്നത്.
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും എത്തിച്ചത്. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകള്‍ എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിക്കുള്ളത്.
റീജിയണല്‍ സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ സ്റ്റോറില്‍ നിന്നും അതത് ജില്ലാ വാക്‌സിന്‍ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്‌സിന്‍ എത്തിക്കുന്നത്.
തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
The second phase of Covid vaccine has reached the state and Kerala is preparing for the distribution of the vaccine