മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഹാനികരമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ടെലികോം വകുപ്പ്

വാര്‍ത്താ വിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാന രഹിതമെന്ന് ടെലികോം വകുപ്പ്. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി.ടി. മാത്യു ഐ. ടി. എസ് പറഞ്ഞു.

ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള താരതമ്യേന കുറഞ്ഞ റേഡിയേഷന്‍ അപകടകരമല്ല എന്നുറപ്പ് വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ നടത്തിയിട്ടുള്ള നിരന്തര പഠനങ്ങള്‍ക്കൊപ്പം 2014ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ചിന്റെ നിര്‍ദേശ പ്രകാരം വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലും പഠനം നടന്നിട്ടുണ്ട്.

മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ പരിധിയില്‍ ഇന്ത്യയില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ ഈ സമിതി പൂര്‍ണമായും അംഗീകരിച്ചു. വിവിധ മേഖലകളില്‍ രാഷ്ട്രത്തിന്റെ സമൂല വികസനത്തിനും സത്വര വളര്‍ച്ചക്കും അടിസ്ഥാനമൊരുക്കുന്നതില്‍ മൊബൈല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ ബ്രോഡ്ബാന്‍ഡ് സൗകര്യം ഒരുക്കുവാന്‍ മൊബൈല്‍ സാങ്കേതികത അത്യാവശ്യമാണ് .

മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ പരിധി കര്‍ശമായി പാലിക്കുവാന്‍ എല്ലാ സേവനദാതാക്കള്‍ക്കും കേന്ദ്രസര്‍ക്കാരും ടെലികോം വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. കേരളത്തില്‍ ആകെയുള്ള 89345 മൊബൈല്‍ ടവറുകളില്‍ 44750 എണ്ണത്തിന്റെയും പരിശോധന ഇതിനോടകം ടെലികോം വകുപ്പ് പൂര്‍ത്തിയാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള റേഡിയേഷന്‍ പരിധി കര്‍ശനമായി പാലിക്കുന്നു എന്നുറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഡോ. പി.ടി. മാത്യു അറിയിച്ചു.

The telecom department has said that the propaganda that mobile towers are harmful to health is baseless

Leave a Reply

Your email address will not be published. Required fields are marked *