കോവിഡിനെ ചെറുക്കാൻ തങ്ങൾ വികസിപ്പിച്ച വാക്‌സിൻ 94.5 ശതമാനം ഫലപ്രദമെന്ന് അമേരിക്കൻ ബയോടെക് കമ്പനിയായ മൊഡേർണ അറിയിച്ചു. അടിയന്തര ഉപയോഗത്തിന് അധികൃതരുടെ അനുമതി തേടാൻ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കി.
അമേരിക്കയിൽ മുപ്പതിനായിരത്തിൽപ്പരം ആളുകൾ ഉൾപ്പെട്ട പരീക്ഷണമാണ് നടത്തിയത്. ഈ വർഷാവസാനത്തോടെ രണ്ടു കോടി വാക്‌സിൻ പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്. അടുത്തവർഷം 50 കോടി ഉൽപ്പാദിപ്പിക്കാനാണ് പരിപാടി.
ഫൈസറും ബയോൺടെക്കും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ 90 ശതമാനത്തിലേറെ ഫലപ്രദമെന്ന് ഈ കമ്പനികൾ ഒരാഴ്‌ചമുമ്പ് അറിയിച്ചിരുന്നു. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാക്‌സിൻ ഉപയോഗത്തിന് ലഭ്യമാക്കാനാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. ലോകത്താകെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം അഞ്ചരക്കോടി കടന്നിരിക്കെ വിപണിയിൽ ആദ്യം വാക്‌സിൻ ഇറക്കുന്നതിന് കമ്പനികൾ മത്സരത്തിലാണ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനിയും അംഗീകരിച്ചിട്ടില്ലെങ്കിലും ബൈഡന്റെ ശാസ്‌ത്ര ഉപദേശകർ വരുംദിവസങ്ങളിൽ വാക്‌സിൻ നിർമാതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്കയിൽ രണ്ടര ലക്ഷം കടന്നു. ഞായറാഴ്‌ച അവിടെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1.40 ലക്ഷത്തോളമാണ്.
The vaccine is 94.5 percent effective, according to Moderna