ക്രിക്കറ്റ് ദൈവത്തിന് ഇന്ന് പിറന്നാൾ

ക്രിക്കറ്റ് ദൈവം ഇന്ന് പിറന്നാളിന്റെ നിറവിൽ. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ഇന്ന് 48-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള സച്ചിൻ ആരാധകർ സമൂഹമാധ്യമം വഴി താരത്തിന് ആശംസകൾ നേരുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16-ന് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്.

ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് സച്ചിൻ. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്സ്മാനായി. 463 ഏകദിന മത്സരങ്ങളിലായി 18426 റൺസ് നേടിയിട്ടുണ്ട് . 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.

ഏക ദിനത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ വ്യക്തിഗത സ്‌കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010ന് ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറിൽ വെച്ചു പുറത്താവാതെ 200 റൺസ്) സച്ചിൻ, ഏക ദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്. 2009 നവംബർ 5ന് ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ആസ്‌ട്രേലിയ ഏക ദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി.

മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 14-ആമത്തെ വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989 -ൽ തന്റെ പതിനാറാം വയസ്സിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റ് താരമാണ് സച്ചിൻ.

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്.

2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു.

2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.

2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്‌നം പുരസ്‌കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്‌ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

ഐ.പി.എൽ തുടങ്ങാൻ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് സച്ചിന് കൊറോണ സ്ഥിരീകരിച്ചത്. പ്രകടമായ ലക്ഷണമില്ലാതിരുന്നെങ്കിലും സ്വയം നിരീക്ഷണത്തിലേയ്ക്കും പിന്നീട് ആശുപത്രിയിലേയ്ക്കും സച്ചിൻ മാറി. നിലവിൽ വീട്ടിൽ വിശ്രമത്തിലുള്ള സച്ചിൻ തനിക്ക് ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചിട്ടുണ്ട്.

Master blaster Sachin Tendulkar is celebrating his 48th birthday

Leave a Reply

Your email address will not be published. Required fields are marked *