കോവിഡ് കാലത്ത് നാട്ടിലെത്തി പുതുക്കിയ പാസ്പോര്‍ട്ടുമായുള്ള യാത്ര: ആശയക്കുഴപ്പം തുടരുന്നു

കോവിഡ് കാലത്ത് നാട്ടിലെത്തിയശേഷം പാസ്‌പോര്‍ട്ട് പുതുക്കേണ്ടി വരുന്നവര്‍ക്ക് ചില വിമാനത്താവളങ്ങളില്‍നിന്ന് യാത്രാനുമതി നിഷേധിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. യു.എ.ഇ. വിസ പഴയ പാസ്‌പോര്‍ട്ടില്‍ ആയതിനാല്‍ പുതിയ നമ്പര്‍ യു.എ.ഇ. ഇമിഗ്രേഷനുമായി ബന്ധിപ്പിച്ചില്ലെന്ന സാങ്കേതിക തടസ്സമാണ് ആശയക്കുഴപ്പത്തിന് കാരണം.

കോവിഡ് കാരണം ആയിരക്കണക്കിന് ആളുകളാണ് യു.എ.ഇ.യിലേക്ക് തിരികെയെത്താന്‍ നാട്ടില്‍ കാത്തിരിക്കുന്നത്. ഇവരില്‍ ചിലരുടെ പാസ്‌പോര്‍ട്ടുകളാണ് കാലാവധി കാരണം പുതുക്കേണ്ടിവന്നത്. എന്നാല്‍ പുതിയ പാസ്പോര്‍ട്ടിലെ നമ്പര്‍ യു.എ.ഇ. യിലെ എമിഗ്രേഷന്‍ ഓഫീസുകളിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കയറാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിങ് പാസ് വാങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പലര്‍ക്കും യാത്ര ചെയ്യാനാവില്ലെന്ന് മനസ്സിലായത്.
കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍നിന്നാണ് ധാരാളം പേര്‍ക്ക് ഈ ദുരനുഭവം ഉണ്ടായത്. ഈ ആശയക്കുഴപ്പം നീക്കാനായി വിമാനത്താവളത്തിലെ കൗണ്ടറുകളിലുള്ള വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ ഇക്കാര്യം യു.എ.ഇ. യിലെ ഇമിഗ്രേഷന്‍ ഓഫീസിന് അറിയിച്ചശേഷം അനുമതി വാങ്ങേണ്ടിവരുന്നുണ്ട്. അവിടെനിന്നുള്ള യാത്രാനുമതി കിട്ടിയാല്‍ മാത്രമേ ബോര്‍ഡിങ് പാസ് ലഭിക്കൂ എന്നതാണ് സ്ഥിതി. എന്നാല്‍ ചില സമയങ്ങളില്‍ ഈ അനുമതികിട്ടാന്‍ വൈകുന്നതോടെ അവരുടെ യാത്രയും മുടങ്ങുന്നു.

സാധാരണഗതിയില്‍ പഴയ പാസ്‌പോര്‍ട്ട് പുതിയ പാസ്‌പോര്‍ട്ടിനൊപ്പം ചേര്‍ത്തുവെച്ച് കൗണ്ടറില്‍ നല്‍കുന്നതാണ് പ്രവാസികളുടെ ശീലം. എന്നാല്‍ അത്തരം യാത്രയാണ് ഇപ്പോള്‍ തടസ്സപ്പെടുന്നത്. യു.എ.ഇ. യില്‍ എത്തിയശേഷം 15 ദിര്‍ഹം പ്രത്യേക ഫീസ് അടച്ച് വിസയും പുതിയ പാസ്‌പോര്‍ട്ടിലേക്ക് മാറ്റുന്നതിനും പ്രവാസികള്‍ ശ്രമിക്കാറുണ്ട്. ഭാവിയിലുണ്ടാകാവുന്ന പ്രയാസങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു ഈ നടപടി. വിമാനത്താവളത്തില്‍ യാത്രാനുമതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി യു.എ.ഇ.യിലുള്ള സഹപ്രവര്‍ത്തകരോ ബന്ധുക്കളോ ഇമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് സാങ്കേതികത്വം മാറ്റിയെടുക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ പലപ്പോഴും ഇതും നടക്കുന്നില്ലെന്നാണ് അനുഭവസ്ഥരുടെ പരാതി. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ വിവിധ സംഘടനകളും അധികൃതരോട് അപേക്ഷിക്കുന്നു.

Travel with a renewed passport back home during the Covid period: Confusion continues

Leave a Reply

Your email address will not be published. Required fields are marked *