കർഷക സമരത്തെപ്പറ്റിയുള്ള ട്വീറ്റിനെ തുടർന്നുണ്ടായ വിവാദത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് പിന്തുണയുമായി ആയിരങ്ങൾ. മുംബൈ ബാന്ദ്രയിലുള്ള താരത്തിൻ്റെ വീടിനു പുറത്താണ് ആരാധകർ തടിച്ചുകൂടിയത്. ഏറെ പ്രശസ്തമായ ‘സച്ചിൻ, സച്ചിൻ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ആരാധകർ സ്ഥലത്ത് നടത്തിയത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കർഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിച്ചതിനെ തുടർന്നാണ് സച്ചിൻ അടക്കമുള്ള ക്രിക്കറ്റർമാരും സിനിമാ പ്രവർത്തകരും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്. ഇതേ തുടർന്ന് സച്ചിൻ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് താരത്തിനു പിന്തുണ അർപ്പിച്ച് ആരാധകർ പ്രകടനം നടത്തിയത്.
India’s sovereignty cannot be compromised. External forces can be spectators but not participants.
Indians know India and should decide for India. Let's remain united as a nation.#IndiaTogether #IndiaAgainstPropaganda— Sachin Tendulkar (@sachin_rt) February 3, 2021
പോപ് ഗായിക റിഹാനയാണ് രാജ്യാന്തര തലത്തിൽ ആദ്യമായി കർഷക സമരങ്ങളെപ്പറ്റി ട്വീറ്റ് ചെയ്തത്. പിന്നീട് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ, അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസിൻ്റെ അനന്തരവൾ മീന ഹാരിസ്, അമേരിക്കൻ വ്ലോഗർ അലാൻഡ കെർണി, യൂട്യൂബർ ലിലി സിംഗ് തുടങ്ങിയവർ പിന്നീട് കർഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു.
സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ഗൗതം ഗംഭീർ, ഹർദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്ന, അനിൽ കുംബ്ലെ, പ്രഗ്യാൻ ഓജ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങൾ വിഷയത്തിൽ കേന്ദ്രത്തെ അനുകൂലിച്ചു. ഇന്ത്യൻ ക്രിക്കറ്റ് റ്റീം പരിശീലകൻ രവി ശാസ്ത്രിയും വിഷയത്തിൽ കേന്ദ്രത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. കോലി, രഹാനെ, ഹർദ്ദിക്, രോഹിത് എന്നിവർ ഇന്ത്യ ടുഗദർ എന്ന ഹാഷ്‌ടാഗ് മാത്രമാണ് ഉപയോഗിച്ചത്. മറ്റുള്ളവർ ഇന്ത്യ ടുഗദർ, ഇന്ത്യ എഗൈൻസ്റ്റ് പ്രോപ്പഗണ്ട എന്നീ രണ്ട് ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്. കർഷകർ രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും പരിഹാരം കാണാൻ ഇന്ത്യക്ക് അറിയാമെന്നുമാണ് ട്വീറ്റുകളുടെ സാരാംശം. പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്നും ട്വീറ്റുകളിൽ സൂചിപ്പിക്കുന്നു.
Tweet about the farmers’ strike; Thousands support Tendulkar