യുഎഇ യുടെ ചോവാ ദൗത്യം ഭ്രമണപഥത്തിൽ

ദുബായ് : ആളില്ലാ ഗ്രഹത്തിലെ നിഗൂഢതൾ തേടി, മനുഷ്യവാസത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ യു.എ.ഇ. പ്രഖ്യാപിച്ച ആറ് വർഷത്തിനുള്ളിൽ തന്നെ അതിവേഗതയിൽ നടപ്പാക്കിയ ചൊവ്വാദൗത്യം ‘ഹോപ്പ് പ്രോബ്’ (അൽ അമൽ) യു.എ.ഇ.യുടെ സാങ്കേതിക മികവ് ലോകോത്തരമെന്ന് തെളിയിച്ചു.

മനുഷ്യരാശിക്കുവേണ്ടിയുള്ള യു.എ.ഇ.യുടെ മഹത്തായ സംഭാവനകൂടിയാണിത്. ഒരു ചൊവ്വാവർഷം മുഴുവൻ ഹോപ്പ് പ്രോബ് ഭ്രമണപഥത്തിൽ തുടരും. ഭൂമിയിൽ ഇത് 687 ദിവസത്തിന് തുല്യമാണ്. മുമ്പൊരിക്കലും സംഭവിക്കാത്തവിധം പ്രോബ് ചൊവ്വയെ ചുറ്റും. 493 ദശലക്ഷം കിലോമീറ്റർ താണ്ടി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി നഷ്ടപ്പെട്ടുപോയ ചൊവ്വയുടെ അന്തരീക്ഷം ചിത്രീകരിക്കും.

കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാരണം അന്വേഷിക്കും. ചുവന്ന ഗ്രഹത്തിലെ ഹൈഡ്രജൻ, ഓക്സിജൻ എന്നിവ നഷ്ടപ്പെടുന്നതിന്റെ കാരണം നിരീക്ഷിക്കും. ആഗോള കാലാവസ്ഥാ ഭൂപടവും മനസ്സിലാക്കും. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ച് പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നിവയാണിത്.

ലോകത്തെ 200-ലേറെ സ്പോസ് സെന്ററുകളിലെ ശാസ്ത്രജ്ഞർക്ക് ഈ വിവരങ്ങൾ തത്സമയം കൈമാറും. 1.3 ടൺ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. 73.5 കോടി ദിർഹത്തിന്റേതാണ് പദ്ധതി. 2021 ഫെബ്രുവരിയിലാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തുക. ദുബായിൽ നിർമിച്ച ഉപഗ്രഹം രണ്ട് മാസം മുൻപാണ് ജപ്പാനിൽ എത്തിച്ചത്. ആദ്യ തദ്ദേശീയ കൃത്രിമോപഗ്രഹം ഖലീഫാസാറ്റിന്റെ 2018-ലെ വിജയകരമായ വിക്ഷേപണത്തിന് ശേഷമാണ് ഹോപ്പ് പ്രോബ് വിക്ഷേപണം.

ആറ് വർഷംമുൻപാണ് ഹോപ്പിന്റെ വരവറിയിച്ച് യു.എ.ഇ. പ്രഖ്യാപനം നടത്തിയത്. തൊട്ടടുത്തവർഷം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ സ്ഥാപിച്ചു. ഇവിടെയായിരുന്നു ഹോപ്പിന്റെ നിർമാണം. 55 ലക്ഷം മണിക്കൂറിൽ 450-ലേറെ ജീവനക്കാരുടെ ശ്രമഫലമായാണ് ഹോപ്പിന്റെ നിർമാണം. ജൂലായ് അല്ലെങ്കിൽ ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. കോവിഡ് പ്രത്യേക സാഹചര്യങ്ങളിൽ ആശങ്കയുണർന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ വിക്ഷേപണം പൂർത്തിയായി.

സ്‌പേസ് സെന്ററിൽ ആഹ്ലാദനിമിഷങ്ങൾ

ഹോപ് പ്രോബിൽനിന്നുള്ള ആദ്യസിഗ്നലുകൾ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശകേന്ദ്രത്തിൽ ലഭിച്ചപ്പോൾ ആഹ്ലാദനിമിഷങ്ങളാണ് അലതല്ലിയത്. അൽ ഖവനീജിലെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിൽനിന്നുള്ള ആഹ്ലാദ നിമിഷങ്ങൾ അധികൃതർ ട്വിറ്ററിൽ പങ്കുവെച്ചു. യു.എ.ഇ. ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ടു. 200- ത്തിലേറെ ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ അവരുടെ ഏറെനാളത്തെ പ്രയത്നമാണ് സഫലമായത്. യു.എ.ഇ. വനിതാ ശാക്തീകരണത്തിന്റെ മറ്റൊരു തെളിവ് കൂടിയാണിത്. ഹോപ്പിന്റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ 34 ശതമാനവും സ്ത്രീകളായിരുന്നു.

UAE’s Mars mission is in orbit

Leave a Reply

Your email address will not be published. Required fields are marked *