ഭൂമിയോട് ഏറെ സാമ്യമുള്ള ദ്രാവക ജലത്തിന്റെ സാന്നിധ്യമുള്ള ഗ്രഹത്തിന്റെ ഭാവന ചിത്രം പുറത്തുവിട്ട് നാസ. സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്‌സിമ സെന്റോറിയെ വലംവയ്ക്കുന്ന പ്രോക്‌സിമ ബി എന്ന ഗ്രഹത്തിന്റെ കലാഭവനില്‍ വിരിഞ്ഞ ചിത്രമാണ് നാസ പ്രസിദ്ധീകരിച്ചത്. അങ്ങിങ്ങായി വെള്ളം കെട്ടി നില്‍ക്കുന്ന ഗ്രഹോപരിതലത്തിന്റേതാണ് ചിത്രം.
ചക്രവാളത്തില്‍ പ്രോക്‌സിമ സെന്റോറിയെ കൂടാതെ അതേ നക്ഷത്ര സമൂഹത്തിലെ ഇരട്ട നക്ഷത്രങ്ങളായ ആല്‍ഫാ സെന്റോറി എ, ബി എന്നിവയെകൂടി ചിത്രീകരിച്ചിട്ടുണ്ട് 2016 ലാണ് ശാസ്ത്രജ്ഞര്‍ പ്രോക്‌സിമ ബി എന്ന ഗ്രഹത്തെ കണ്ടെത്തുന്നത്. ഭൂമിയേക്കാള്‍ അല്പം വലിപ്പമുള്ള ഈ ഗ്രഹത്തിനും അതിന്റെ നക്ഷത്രത്തില്‍ നിന്നുമുള്ള അകലം ഏറെക്കുറെ ഭൂമിക്ക് സമാനമാണ്.
സ്ഥാനം പരിഗണിക്കുമ്പോള്‍ ഭൂമിയുടേതിന് തുല്യമായ ഒരു താപനിലയാകാം അവിടെയും. അതിനാല്‍ ദ്രാവകരൂപത്തില്‍ ജല സാന്നിധ്യമുണ്ടായേക്കാം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തിലെങ്കിലും പ്രോക്‌സിമ ബി യിലേക്ക് പര്യവേഷണ വാഹനങ്ങളെ അയക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് നാസ.